بسم الله الرحمن الرحيم

ഒരു സ്ത്രീയുടെ മഹ്റമായിട്ടുള്ളവർ ആരെല്ലാം - ഇബ്നു ഉസൈമീൻ رحمه الله

         ഒരു സ്ത്രീയുടെ മഹ്റമായിട്ടുള്ളവർ ആരെല്ലാം - ഇബ്നു ഉസൈമീൻ رحمه الله       

                                                                                                 

ചോദ്യം: ആരൊക്കെയാണ് ഒരു സ്ത്രീയുടെ മഹ്റമായിട്ടുള്ളവർ?

ഉത്തരം: ഒരു സ്ത്രീയുടെ മഹ്റമായിട്ടുള്ളവർ അവളുടെ ഭർത്താവും എന്നെന്നേക്കും വിവാഹ ബന്ധം നിഷിദ്ധമായിട്ടുള്ള മറ്റെല്ലാ പുരുഷന്മാരുമാണ് - രക്ത ബന്ധത്തിലുള്ളവരും അനുവദനീയമായ കരണങ്ങളോട് കൂടെയുള്ളവരും (മുലകുടി ബന്ധത്തിലും വിവാഹ ബന്ധത്തിലുമുള്ളവർ) - അവരാണ് മഹ്‌റമുകൾ. 

എന്നാൽ ചിലർ എന്നേക്കുമായി വിവാഹ ബന്ധം നിഷിദ്ധമായവരല്ല - അവർ അവന് മഹറമല്ല. ഉദാഹരണമായി ഭാര്യയുടെ സഹോദരിമാർ, അവളുടെ പിതാവിന്റെ സഹോദരിമാർ, അവളുടെ ഉമ്മയുടെ സഹോദരിമാർ എന്നിവർ. ഒരു പുരുഷന് ഭാര്യയോട് കൂടെ ഇവരെ വിവാഹം ചെയ്യൽ ഹറാമാണ്. ഇവർ എന്നെന്നേക്കും വിവാഹബന്ധം നിഷിദ്ധമായവരല്ല. അതിനാൽ  അവർ മഹ്റമാവില്ല. അതിനാൽ ഒരു മനുഷ്യന്  ഭാര്യയുടെ സഹോദരിയിലേക്കോ അവളുടെ പിതാവിന്റെ സഹോദരിയിലേക്കോ അവളുടെ ഉമ്മയുടെ സഹോദരിയിലേക്കോ നോക്കാൻ പാടില്ല. തീർച്ചയായും അവർ മഹ്‌റം അല്ല. 

കുടുംബ ബന്ധത്തിൽ പെട്ട മഹ്‌റമുകൾ അഥവാ രക്തബന്ധത്തിൽ പെട്ടവർ  7 പേരാണ്. അല്ലാഹു പറഞ്ഞത് പോലെ

حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالاتُكُمْ وَبَنَاتُ الأخِ وَبَنَاتُ الأخْتِ

"നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദര പുത്രിമാർ, സഹോദരീ പുത്രിമാർ ..... (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." 4:23 

ഇനി അനുവദനീയമായ കരണങ്ങളോട് കൂടിയുള്ളവർ (മഹ്‌റമുകൾ), അതിൽ മുലകുടി ബന്ധത്തിലുള്ളവരും വൈവാഹിക ബന്ധത്തിലുള്ളവരും ഉൾപ്പെടും. 

മുലകുടി ബന്ധത്തിൽ പെട്ട മഹ്‌റമുകൾ കുടുംബ ബന്ധത്തിൽ പെട്ട മഹറമുകളെ പോലെത്തന്നെയാണ്. അല്ലാഹു പറഞ്ഞത് പോലെ

وَأُمَّهَاتُكُمُ اللاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ

".....നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍,....." 4:23 

 അതുപോലെ നബി  പറഞ്ഞു:

ِيَحْرُمُ مِنَ الرِّضَاعِ  مَا يَحْرُمُ مِنَ النَّسَب  

"മുലകുടി ബന്ധത്തിൽ പെട്ട മഹ്‌റമുകൾ കുടുംബ ബന്ധത്തിൽ പെട്ട മഹറമുകളെ പോലെയാണ്." ബുഖാരി  

ഒരു പുരുഷന് മുലകുടി ബന്ധത്തിൽ പെട്ട ഉമ്മയും മുലകുടി ബന്ധത്തിൽ പെട്ട മകളും മുലകുടി ബന്ധത്തിൽ പെട്ട സഹോദരിയും മുലകുടി ബന്ധത്തിൽ പെട്ട വാപ്പയുടെ സഹോദരിയും മുലകുടി ബന്ധത്തിൽ പെട്ട
ഉമ്മയുടെ സഹോദരിയും മുലകുടി ബന്ധത്തിൽ പെട്ട സഹോദരന്റെ മകളും മുലകുടി ബന്ധത്തിൽ പെട്ട സഹോദരിയുടെ മകളും ഹറാമാണ്. 
പേർ, കുടുംബ ബന്ധത്തിൽ 7 പേരുള്ളത് പോലെ.
നബി  പറഞ്ഞു: "മുലകുടി ബന്ധത്തിൽ പെട്ട മഹ്‌റമുകൾ കുടുംബ ബന്ധത്തിൽ പെട്ട മഹറമുകളെ പോലെയാണ്."

ഇനി വൈവാഹിക ബന്ധത്തിൽ പെട്ട മഹറമുകൾ, അവർ 4 സ്ത്രീകളാണ്. ഭാര്യയുടെ ഉമ്മയും അവളുടെ (ഭാര്യയുടെ) മകളും മകന്റെ ഭാര്യയും പിതാവിന്റെ ഭാര്യയും. 

എന്നാൽ പിതാവിന്റെ ഭാര്യയും മകന്റെ ഭാര്യയും ഭാര്യയുടെ ഉമ്മയും കരാറോട് (നികാഹിന്റെ) കൂടെ തന്നെ  മഹ്‌റമാകും, എന്നാൽ ഭാര്യയുടെ പെൺ മക്കൾ ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിന് ശേഷമേ മഹ്‌റമാവുകയുള്ളൂ.

അതുപ്രകാരം ഒരു പുരുഷൻ ഒരു പെണ്ണിനെ കല്യാണം കഴിച്ച് ലൈംഗിക ബന്ധത്തിന് മുമ്പായി മൊഴി ചൊല്ലിയാൽ അവളുടെ ഇദ്ദക്ക് ശേഷം മൊഴി ചൊല്ലപ്പെട്ടവളുടെ പെൺ മക്കളെ ഈ പുരുഷന് കല്യാണം കഴിക്കാവുന്നതാണ്.


എന്നാൽ ഭാര്യയുടെ ഉമ്മ അങ്ങനെയല്ല, അവർ മഹ്റമായതിനാൽ അവരെ വിവാഹം ചെയ്യൽ അനുവദനീയമല്ല. ഇവിടെ ഭാര്യയുമായി ലൈംഗിക ബന്ധം നടക്കണം എന്ന നിബന്ധനയില്ല.