بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى أله وصحبه أجمعين؛ أما بعد
അഖീദ: ദീനിന്റെ അടിസ്ഥാനമാണ്. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്റെ ദൂതനാണ്’ എന്ന സത്യസാക്ഷ്യം അത് ഉള്‍ക്കൊള്ളുന്നു. അത് ഇസ്‌ലാം കാര്യങ്ങളില്‍ ആദ്യത്തേതാണ്.
ഇസ്‌ലാം അഞ്ച് കാര്യങ്ങളില്‍ നിര്‍മ്മിതമായിരിക്കുന്നു: “അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് നബി صلى
الله عليه وسلم അല്ലാഹുവിന്റെ
ദൂതനാണ്” എന്ന് സാക്ഷ്യം വഹിക്കല്‍, നമസ്ക്കാരം നിലനിര്‍ത്തല്‍,
സകാത്ത് നല്‍കല്‍, ഹജ്ജ് ചെയ്യല്‍, റമദാനില്‍ നോമ്പനുഷ്ടിക്കല്‍. (ബുഖാരി - 8, മുസ്‌ലിം - 16).
അഖീദ: അറിയലും അതിന്ന്‍ പ്രാധാന്യം കൊടുക്കലും ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധമാണ്.
ദീന്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാവേണ്ടതിന് അത് ആവശ്യമാണ്.
സ്വഹാബാക്കള്‍ ദീന്‍ സ്വീകരിച്ചിരുന്നത് അല്ലാഹുവിന്റെ
റസൂലില്‍ صلى
الله عليه وسلم
നിന്ന് നേരിട്ടായിരുന്നു – ഖുര്‍ആനില്‍ നിന്നും അവിടുത്തെ صلى الله عليه وسلم ചര്യകളില്‍ നിന്നും. അത് കൊണ്ട് തന്നെ അവര്‍ക്ക് അഖീദയുടെ
കാര്യത്തില്‍ സംശയമുങ്ങായിരുന്നില്ല. ഖുര്‍ആനിലും സുന്നത്തിലും എന്താണോ
ഉണ്ടായിരുന്നത്, അത് അവര്‍ അപ്പടി സ്വീകരിച്ചു. പിന്നീട് അവരുടെ പിന്‍ഗാമികളായ താബിഈങ്ങളും
ഇതേ നിലപാട് പിന്തുടര്‍ന്നു. അവര്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും
നേരിട്ട് അഖീദ: സ്വീകരിച്ചു.
പിന്നീട് ഇസ്‌ലാം വ്യാപിച്ചു. അഖീദ: മനസ്സില്‍ വേരുറക്കാത്ത
ആളുകള്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. അവരില്‍ വ്യതിയാന ചിന്തകള്‍ മനസ്സിലുറച്ച
ആളുകളുണ്ടായിരുന്നു, പിഴച്ച കക്ഷികളുടെ ചിന്തകള്‍ നെഞ്ചിലേറ്റിയവരും തങ്ങളുടെ
തന്നെ പഴയ വിശ്വാസങ്ങള്‍ പേറിയവരും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള ആളുകള്‍ തങ്ങളുടെ
വിശ്വാസം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും സ്വീകരിക്കേണ്ടതിന്നു പകരം
മറ്റു പല പിഴച്ച ചിന്താധാരകളില്‍ നിന്നും സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ
ഉമ്മത്തിലെ ഉലമാക്കള്‍ക്ക് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ ആദര്‍ശങ്ങള്‍
വ്യക്തമാക്കേണ്ടി വന്നു. അങ്ങിനെയാണ് അവര്‍ ഈ വിഷയകമായി ഗ്രന്ഥങ്ങള്‍ രചിക്കാനും
വിശദീകരിക്കാനും തുടങ്ങിയത്. ഈ രചനകള്‍ പിന്നീട് വന്ന തലമുറകള്‍ക്ക് അഖീദ: പഠിക്കാനുള്ള
സ്രോതസ്സുകളായി, അന്ത്യനാള്‍ വരെ.
ഇത് അല്ലാഹു ഈ ദീനിന്ന് നല്‍കിയ സംരക്ഷണത്തില്‍ പെട്ടതാണ്. വിശ്വസ്തരായ വാഹകര്‍ വഴിയായി റസൂല്‍ صلى الله عليه وسلم
യില്‍ നിന്ന് വന്ന ദീന്‍ അതേപോലെ
വിവരിച്ചു കൊടുക്കുന്നു. തഅ്’വീലില്‍ നിന്നും തശ്ബീഹില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ശരിയായ അഖീദ:
തലമുറകളിലേക്ക് കൈമാറുന്നു.
നബി صلى
الله عليه وسلم
യില്‍ നിന്നും സ്വഹാബിമാരും
താബിഈങ്ങളും ഉള്‍ക്കൊള്ളുന്ന സലഫുസ്വാലിഹീങ്ങളിലൂടെ വന്ന അഖീദ: പിന്നീട്
മദ്ഹബിന്റെ നാല് ഇമാമുമാര്‍ വഴിയായി കൈമാറ്റം ചെയ്യപ്പെട്ടു. ഇമാം അബൂ ഹനീഫ, ഇമാം
മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്‌മദ് എന്നിവരും മറ്റു ഇമാമുമാരും ഈ അഖീദയുടെ
സംരക്ഷകരും പ്രചാരകരുമായി നിലകൊണ്ടു. അവര്‍ അവരുടെ ശിഷ്യഗണങ്ങള്‍ക്ക് അഖീദ:
പഠിപ്പിച്ചു. അവരുടെ അനുയായികളായി വന്നവര്‍ അത് പ്രാധാന്യ പൂര്‍വ്വം പഠിക്കുകയും
മന:പാഠമാക്കുകയും ചെയ്തു. അവര്‍ അഖീദ: വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.
അവര്‍ ഈ
ഗ്രന്ഥങ്ങളിലൂടെ വ്യതിയാന കക്ഷികളുടെ വാദങ്ങളെ ഖണ്ഡിച്ചു. അവരുടെ പിഴവുകളെ തുറന്നു
കാട്ടി ഹദീസ് പണ്ഡിതന്മാരായ ഇമാമുമാര്‍ - ഇസ്ഹാഖ് ബ്‌നു റാബവൈഹി, ബുഖാരി, മുസ്‌ലിം,
ഇബ്നു ഖുസൈമ, ഇബ്നു ഖുതൈബ തുടങ്ങിയവരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാമുമാര്‍ - ത്വബ്‌രി,
ഇബ്‌നു കസീര്‍, അല്‍-ബഗവി, തുടങ്ങിയവരും ഇത്തരം രചനകള്‍ നിര്‍വ്വഹിച്ചവരാണ്.
വിവർത്തനം: അബൂ നിയാസ്
ചുരുക്കം:
التعليقات المختصر على العقيدة الطحاوية صفحة ٢٣-٢٦ للشيخ صالح الفوزان حفظه الله